Thursday 4 August 2011

സ്നേഹം



സി.ഗ്രെയ്സിക്കുട്ടി എം.ജെ


മലയാളനാടിത് എന്റെ നാട്
മലയോര ഗ്രാമമാണെന്റെ വീട്
മലയാളഭാഷതന്‍ മാറില്‍ വളരും
മലയാളി പെണ്‍കിടാവായി ഞാനും
മരതകപ്പട്ടുകള്‍ നീളെ നീര്‍ത്തി
മലരണിക്കാടുകള്‍ പൂത്തുലഞ്ഞു
മനതാരില്‍ മുല്ലയും പിച്ചകവും
മണമിയലുന്നൊരു സ്നേഹതീരം

ഒരുമയിലാടിക്കളിച്ചിരുന്നു
ഓണ നിലാവിന്റെ ഓമനകള്‍
ഓടിയും ചാടിയും ഒത്തുചേരും
ഓണപ്പൂ വാരി വിതറുന്നു
അമ്മതന്‍ താരാട്ടിന്‍ ഓര്‍മ്മകളും
അമ്മിഞ്ഞപ്പാലിന്റെ മാധുര്യവും
അമ്മയും നന്മയുമൊത്തിണങ്ങും
അക്ഷര ലോകത്തിലെങ്ങുമെങ്ങും
എന്റെയീ ജീവിത സാഗരത്തില്‍
എന്നും തുണയായി നിന്നിടുന്നു
എന്‍ കരം നിന്‍ തോളില്‍ താങ്ങിടുന്നു
എന്‍ ജീവന്‍ നിന്നിലലിഞ്ഞിടുന്നു
സ്നേഹമേ നിന്നെ ഞാന്‍ പുല്‍കിടട്ടെ
സ്നേഹമായ് എന്നിലലിഞ്ഞുചേരൂ
സ്നേഹപ്രവാഹമായ് ലോകമെങ്ങും
സ്നേഹത്തിന്‍ നാളമായ് തീര്‍ന്നിടട്ടെ.

No comments:

Post a Comment