എം.എ. മൈക്കിള്‍
ഇനി പടിയിറങ്ങാം
തീരാസഹനത്തിന്റെ ഊടുവഴികളിലലസം
നടക്കാം, ചെന്നിരിക്കാം, ഇളവേല്‍ക്കാം
ഇലകരിഞ്ഞ പടുമരച്ചോട്ടില്‍
കാറ്റിന്‍ ചൂളങ്ങളില്‍, ഇലയനക്കങ്ങളില്‍
ഒരു മുളന്തണ്ടിന്റെ സംഗീതമായ്
“അമ്മയമ്മ 'യെന്ന കിളിക്കൊഞ്ചലിന്‍
കരളുരുക്കത്തിനു കാതോര്‍ത്തിരിക്കാം
ഇന്നലെയമൃതോല്പം അമ്മിഞ്ഞകുടിച്ചവര്‍
തളിരിളം നാവിലക്ഷരപ്പൊന്നേറിയവര്‍
അക്ഷര വരികളായി അനര്‍ത്ഥ
ശതങ്ങളെയ്ത് രമിപ്പവരിപാര്‍ത്ഥമൂഢന്‍
ഓര്‍മ്മത്തെറ്റുകളുടെ നെടുനിശ്വാസമുയരുന്ന
വിധിവിഹിന്നങ്ങളാം ഭൂതച്ചെപ്പഴിച്ചുനോക്കാം
നിത്യവും വിരുന്നുണ്ട് തറവാട്ടിന്‍ തിരുമുറ്റ
ത്തോടിക്കളിക്കുന്നോരോണ വെയിലും
ചന്ദനപ്പൊന്നുടയാട നിശാന്ത്യങ്ങളും
തേനൂറും കിളിക്കൊഞ്ചലും താരാട്ടുമായി
പിച്ചവെച്ചോടിക്കളിച്ചാര്‍ത്തീടും
ആരോമല്‍ക്കിടാങ്ങളും കുസൃതിക്കുറുമ്പും
ഞാന്‍ പകര്‍ന്നേകിയ മലയാളം നെഞ്ചറ്റി
ഓണപ്പൂപ്പൊലിയും തിരുവാതിരയും
തകൃതിയില്‍ ചോടുവെച്ച കോലടി നൃത്തവിശേഷവും
ഹാ! മധുരം തുളുമ്പുമോര്‍മ്മയില്‍
ഈ അല്പചരിതാര്‍ത്ഥ ഞാന്‍ മറന്നിരിക്കാം
കാലത്തിന്‍ തോഴനായ് കര്‍മ്മസാക്ഷിക്കൊപ്പം
കഥകള്‍ ചൊല്ലി കളിപറഞ്ഞും ചിരിച്ചും
പ്രൗഢതനയര്‍ തന്‍ വാക്ചാരുതയുടെ
കര്‍മ്മദളങ്ങളില്‍ നമോവാകമായതും ഓര്‍ത്തുപോകുന്നു
ആ സുഖസംതൃപ്ത ദിനങ്ങളിലൊന്നില്‍
ആംഗലത്തറവാട്ടിലെ ദുര്‍മുത്തശ്ശി
സൈരന്ധ്രിക്കപടച്ചിരിയാല്‍
ഉമ്മറക്കോലായിലും, അകത്തളത്തിലും
അതിഥിയായ് തിരുവോണമുണ്ടതും
കൂട്ടുകൂടി പാട്ടുപാടി കൂടെ നടന്നതും
സൗഹൃദത്തിന്റെ കാണാപ്പുറങ്ങളില്‍
ഡാകിനിത്തള്ളയായ് ദുര്‍മന്ത്രവാദത്തിന്റെ
ദുരര്‍ത്ഥ നിരമ്പ നിഘണ്ടുപദങ്ങളാല്‍
ഉഗ്രവിഷം ചീറ്റി തീയായാളിപ്പടര്‍ന്നതും
ആരോമല്‍ക്കിടാങ്ങളെ നെഞ്ചേറ്റി
വേവും മനസ്സോടെ മാംസംകരിഞ്ഞ്
വേപഥുപൂണ്ടലറിക്കരഞ്ഞു നടന്നതും
ഒരുള്‍ക്കിടിലത്തോടെയോര്‍ത്തു പോവുന്നു
ഇനിയാത്രയാവാം, കൊടുംതമസ്സിന്റെ
കനിവറ്റ നീരാളിക്കയങ്ങളിലമര്‍ന്നുചേരാം
അന്ത്യമാം നെടുനിശ്വാസമുതിരുംമുമ്പ്
വന്ധ്യമാമെന്‍ മാമലത്തറവാട്ടിലേയ്ക്ക്
ഒന്നുകൂടി തിരിഞ്ഞുനോക്കട്ടെ, യാത്മാവു
കത്തുന്ന വേവുപുരയില്‍ നിന്നും
ചടുലതാളത്തിന്റെ കബന്ധ നൃത്തം
ആടിത്തിമര്‍ക്കുന്ന പൂരപ്രബന്ധം
ഇനിവയ്യ നയനങ്ങളാഞ്ഞിറുക്കാം
തനിയേയിതുവഴി വേച്ചു പോവാം
ആംഗല വ്യാഘ്ര മുരളലും ചീറ്റലും
വങ്കരാക്ഷസ കെടുവചനങ്ങളും
ഉഗ്ര വിഷംകൊടും തീയിലമര്‍ന്നതും
ഓര്‍ക്കുകിലാര്‍ക്കുവേണ്ടി സഹിച്ചു ഞാന്‍?
അന്നു തളരാത്തൊരാത്മ വീര്യവും
ചോര്‍ന്നു തുടങ്ങും കര്‍മ്മധീരതയും
ആര്‍ക്കു കവലപരിരക്ഷ തീര്‍ത്തുവോ
കാര്‍ക്കോടകന്മാരായവര്‍ തിരിഞ്ഞുകൊത്തുന്നു
മദാമ്മ കാറിത്തുപ്പിയ രേഫമാകണുപാന
മദോന്മത്തം മെന്‍ മക്കള്‍ ചവച്ചുരസിക്കുന്നു
അരുതെന്നു ദുഃഖമൊഴിയാല്‍ വിലക്കവെ
അരുതാത്തെറി വചസ്സോടെന്‍ മുഖത്തേക്ക്
ആട്ടിത്തുപ്പിരസിക്കുന്നു;അമ്മിഞ്ഞതന്‍
പാല്‍മണം വറ്റാത്ത കുഞ്ഞിളംചുണ്ടുകള്‍
ഇങ്ങിനിച്ചവിട്ടരുതെന്നു നിഷ്ഠൂരം
പിഞ്ചിളം കാലാല്‍ചവുട്ടിപ്പടിയിറക്കെ
ഭ്രഷ്ടയായ് പെരുവഴിയില്‍ തള്ളവെ
ആര്‍ദ്രതയുടെ തറവാട്ടുവാതില്‍
ആരോതാഴുതിട്ടുപൂട്ടി കാവല്‍നില്‍ക്കെ
പെരുവഴിപ്പാതയിലനാഥ പ്രേതമായ
ദുര്‍വിധി ഗ്രസ്തയായടിഞ്ഞു വീഴാം
ദൂരെ ശവംതീനിക്കഴുകന്റെ
കൂര്‍പ്പെഴും നഖങ്ങളിലൊരുപിടി മാംസമാവാം
പൂര്‍വ്വിക സോദരിമാരുടെ പൂക്കുന്നൊ-
രസ്ഥി പഞ്ജരത്തോടൊത്തു ചേരാം
ഇനി പടിയിറങ്ങാം,
ഒരു വാക്കുചൊല്ലട്ടെ,
മലയാളമില്ലാത്ത മാമലനാടേ
മംഗലം ഭവിക്കട്ടെ, സ്വസ്തി തേസ്വസ്തി
No comments:
Post a Comment